വിപ്ലവ പ്രസ്ഥാനങ്ങള്‍ ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം.അക്കാലത്താണ് കാര്‍ത്യായനി ഗര്‍ഭിണിയാകുന്നത്.വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന ഒരാളായിരുന്നു കാരണക്കാരന്‍.
പ്രസ്ഥാന പ്രവര്‍ത്തന വഴി അതീവ രഹസ്യമായിരുന്നതു പോലെ കാര്‍ത്യായനി തന്റെ ഗര്‍ഭവും ഒളിപ്പിച്ചു വെച്ചു.വീട്ടു മുറ്റത്ത് വൈക്കോല്‍ തല്ലുമ്പോഴാണ്, അവള്‍ക്ക് പ്രസവ വേദനവരുന്നതും പത്തും തികഞ്ഞത് വീട്ടുകാര്‍ അറിയുന്നതും.മാനത്തിനേറ്റ തീര്‍ക്കാനാവാത്ത ക്ഷതമായി , വീട്ടുകാര്‍ക്ക് ഈ അനുഭവം.
നിര്‍ദാക്ഷിണ്യം അവളെ വീട്ടില്‍ നിന്നിറക്കിവിട്ടു.പ്രസവിക്കാന്‍ അവള്‍ അഭയം കണ്ടെത്തിയത് തൊട്ടടുത്ത പറമ്പിലെ കല്ലുവെട്ടു മടയായിരുന്നു. കുഞ്ഞിന്റെ അച്ഛനും അഭയം കൊടുത്തില്ല.
ഏതോ സന്മനസ്ക്കന്‍ അവളെ തീവണ്ടി കയറ്റി വിട്ടു. മറ്റെവിടെയെങ്കിലും പോയി ജീവിക്കാന്‍.കുറച്ചു ദൂരെ ഒരു നഗരത്തിലെ റെയില്‍ വേ സ്റ്റേഷനില്‍ അവള്‍ എത്തിപ്പെട്ടു.
എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ ഇരിക്കുകയായിരുന്നു അവള്‍.സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് അനുകമ്പ തോന്നി.അവിടെ തൂപ്പുകാരിയായി ജോലി കൊടുത്തു.
അതൊരു പുനര്‍ജന്മമായിരുന്നു.
സ്വന്തം കാലില്‍ മകനോടൊപ്പം സുഖമായി അവള്‍ ജീവിക്കുന്നുണ്ടെന്നാണ് തുടര്‍ന്ന് ഗ്രാമം കേട്ട കഥ.