Wednesday, May 30, 2007



പെരുമ്പലത്ത് കുന്നിന്‍ മുകളില്‍ കണ്ട പഴയ അമ്പലം.ഇടിഞ്ഞു പോളിഞ്ഞു പോയ ഈ അമ്പലത്തിലെ പ്രധാന പ്രതിഷ്ഠ കൃഷ്ണനാണ്.വൃന്ദാവനത്തിന്റെ മൂഡാണ് ഈ ഒറ്റപ്പെട്ട അമ്പലക്കാഴ്ച്ച മനസ്സിനു പകര്‍ന്നത്.ഒരു സുന്ദര സ്വപ്നം പോലെ.

മുറിക്കയ്യന്‍ ചാത്ത

മുറിക്കയ്യന്‍ ചാത്ത തുഴക്കാരനായിരുന്നു.ഒപ്പം കൊള്ളക്കാരനും.

ഒരു സംഘട്ടനത്തിലാണ് ,കുറ്റിപ്പുറം കടവിലെ തോണി കുത്തുകാരന്‍ ചാത്തയ്ക്ക് കൈപ്പടം നഷ്ടപ്പെട്ടത്.ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഗുണ്ടയായിരുന്നു ചാത്ത.
കൈപ്പടം പോയപ്പോള്‍ മുറിക്കൈ ആയി ചാത്തയുടെ ആയുധം.സന്ധ്യ കഴിഞ്ഞ് തോണി കടക്കുന്ന അപരിചിതരായിരുന്നു ചാത്തയുടെ ഇരകള്‍.
തോണിയിറങ്ങി കാശുകൊടുക്കാന്‍ നോക്കുമ്പോഴാണ് ,ചാത്തയുടെ വിശ്വരൂപം യാത്രക്കാരന്‍ കാണുക.
മുറിക്കൈകൊണ്ട് ഒറ്റ അടിയാണ്.മണലിലേക്ക് പിടിച്ചു വലിച്ചിട്ട് പണം അപഹരിക്കും.പിന്നെ തോണിക്കൊമ്പത്തേക്ക് ചാടിക്കയറി തിരിച്ചു വിടും.

ചാത്തയെ സാധാരണ യാത്രക്കാര്‍ക്കും പേടിയായിരുന്നു.

പടിയിറക്കിയ ജീവിതം

വിപ്ലവ പ്രസ്ഥാനങ്ങള്‍ ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം.അക്കാലത്താണ് കാര്‍ത്യായനി ഗര്‍ഭിണിയാകുന്നത്.വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന ഒരാളായിരുന്നു കാരണക്കാരന്‍.

പ്രസ്ഥാന പ്രവര്‍ത്തന വഴി അതീവ രഹസ്യമായിരുന്നതു പോലെ കാര്‍ത്യായനി തന്റെ ഗര്‍ഭവും ഒളിപ്പിച്ചു വെച്ചു.വീട്ടു മുറ്റത്ത് വൈക്കോല്‍ തല്ലുമ്പോഴാണ്, അവള്‍ക്ക് പ്രസവ വേദനവരുന്നതും പത്തും തികഞ്ഞത് വീട്ടുകാര്‍ അറിയുന്നതും.മാനത്തിനേറ്റ തീര്‍ക്കാനാവാത്ത ക്ഷതമായി , വീട്ടുകാര്‍ക്ക് ഈ അനുഭവം.

നിര്‍ദാക്ഷിണ്യം അവളെ വീട്ടില്‍ നിന്നിറക്കിവിട്ടു.പ്രസവിക്കാന്‍ അവള്‍ അഭയം കണ്ടെത്തിയത് തൊട്ടടുത്ത പറമ്പിലെ കല്ലുവെട്ടു മടയായിരുന്നു. കുഞ്ഞിന്റെ അച്ഛനും അഭയം കൊടുത്തില്ല.
ഏതോ സന്മനസ്ക്കന്‍ അവളെ തീവണ്ടി കയറ്റി വിട്ടു. മറ്റെവിടെയെങ്കിലും പോയി ജീവിക്കാന്‍.കുറച്ചു ദൂരെ ഒരു നഗരത്തിലെ റെയില്‍ വേ സ്റ്റേഷനില്‍ അവള്‍ എത്തിപ്പെട്ടു.

എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ ഇരിക്കുകയായിരുന്നു അവള്‍.സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് അനുകമ്പ തോന്നി.അവിടെ തൂപ്പുകാരിയായി ജോലി കൊടുത്തു.

അതൊരു പുനര്‍ജന്മമായിരുന്നു.
സ്വന്തം കാലില്‍ മകനോടൊപ്പം സുഖമായി അവള്‍ ജീവിക്കുന്നുണ്ടെന്നാണ് തുടര്‍ന്ന് ഗ്രാമം കേട്ട കഥ.

Saturday, May 26, 2007

പാഞ്ജാലി


പാഞ്ജാലി ഒരു പെണ്ണായിരുന്നു!.മോഹിപ്പിക്കുന്ന സൌന്ദര്യം.വീട്ടുപണിക്കെത്തുന്ന പഞ്ജാലിയെ സ്വന്തമാക്കണമെന്ന് ജന്മിത്തറവാട്ടിലെ ഒരു മുതലാളിക്ക് മോഹം.പൂ പോലത്തെ പെണ്ണാണ്.പോരാത്തതിന് ഇത്തിരി വകതിരിവൊക്കെയുണ്ട്.ഒരു പ്രേമ നാടകമായാലെന്തെന്ന് മുതലാളി ചിന്തിച്ചു.
പഞ്ജാലിയെ വളക്കാനുള്ള ശ്രമങ്ങളായി പിന്നെ.മതം മാറ്റി വിവഹം കഴിക്കാമെന്ന് വാഗ്ദാനം.
അവള്‍ ഗര്‍ഭിണിയായി.ഉദരം വളരാന്‍ തുടങ്ങിയപ്പോള്‍ മുതലാളിയുടെ മട്ടും ഭാവവും മാറി.ഞാനൊന്നുമറിഞ്ഞില്ലേ എന്നു കൈ മലര്‍ത്തി.മാനം അപഹരിക്കപ്പെട്ടതില്‍ അവളുടെ മനസ്സു വെന്തു.

അന്നു രാത്രി അവള്‍ ഭാരതപ്പുഴ നീന്തിക്കടന്നു.പുഴക്കരയിലെ അഞ്ജുകണ്ണിപ്പാലത്തിനടുത്ത് റെയില്‍ വേ ട്രാക്കില്‍ മരണം കാത്തു കിടന്നു.തീവണ്ടി ഇരമ്പിപ്പാഞ്ഞു വന്ന് അവളെ തട്ടിത്തെറിപ്പിക്കുകയാണുണ്ടായത്.

വലതു കൈ മുറിഞ്ഞു തെറിച്ചു പോയി.താഴെ പുഴയിലേക്ക് അവള്‍ എടുത്തേറിയപ്പെട്ടു.അപ്പുറത്ത് ആളുകള്‍ ഓടി വന്നു.രക്ഷപ്പെടാന്‍ പറഞ്ഞു.കൂലിപ്പണിക്കാരായിരുന്നു അത്.അവര്‍ക്കു മറ്റൊന്നും ചെയ്യന്‍ കഴിയുമായിരുന്നില്ല.

അപ്പോഴും അപമനക്കറ മറ്റെന്തിനേക്കളുമേറെ അവളുടെ ഉള്ളില്‍ ഉറഞ്ഞു.വേദന മറന്ന് ഒറ്റ കൈകൊണ്ട് നീന്തി വീണ്ടും അവള്‍ പാലത്തിനു മുകളിലെ പാ‍ളത്തിലെത്തി.

അടുത്ത വണ്ടി അവളുടെ ജീവനെടുത്തു.

പഞ്ജാലി അങ്ങനെ ഗ്രാമ മനസ്സിലെ ധീരയായ പെണ്ണായി.

അഞ്ജുകണ്ണിപ്പാലത്തില്‍ പാഞ്ജാലി പ്രേതമായി നടക്കാറുണ്ടെന്ന് ഗ്രാമീണര്‍ ഇന്നും വിശ്വസിക്കുന്നു.ഉറക്കം കിട്ടാത്ത രാവുകളില്‍ കേട്ടു കിടക്കുന്നവര്‍ പുഴയില്‍ പ്രതിധ്വനിക്കുന്ന തീവണ്ടിയുടെ ശബ്ദത്തില്‍ പാഞ്ജാലിയുടെ തേങ്ങലും കേള്‍ക്കാറുണ്ടത്രേ!

പപ്പടപ്പൊതിക്കു വേണ്ടി ഒരു കൊലപാതകം

കുറ്റിപ്പുറത്തു നിന്ന് വാങ്ങിയ പപ്പടപ്പൊതി അരയില്‍ തുണിമടക്കിനുള്ളില്‍ ഒതുക്കി വെച്ചിരിക്കുകയായിരുന്നു ആ മദ്ധ്യവയസ്ക്കന്‍.തോണിയിറങ്ങിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ അയാള്‍ക്കൊപ്പം കൂടി.
കളളന്മാരുടെ ശല്യമുള്ള കാലമാണ്,മിണ്ടിപ്പറഞ്ഞു നടക്കാന്‍ ഒരാളെ കിട്ടിയല്ലോ എന്ന് അയാള്‍ സന്തോഷിച്ചു.സൌഹൃദം നടിച്ചു നടക്കുന്നവന്റെ കണ്ണ് അയാളുടെ അരയിലുള്ള പൊതിയിലായിരുന്നു.ചന്ത കഴിഞ്ഞു പണവുമായി വരികയാണെന്ന് ഉറപ്പിച്ചു.
നന്നായി ഇരുട്ടു വീണ ഒരിടത്തെത്തിയപ്പോള്‍ കൂടെ നടന്നയാളിന്റെ സ്വഭാവം മാറി.മറ്റൊന്നും നോക്കാതെ കത്തിയെടുത്ത് ഒറ്റ കുത്ത്.അരയിലെ പൊതിയും തട്ടിയെടുത്ത് അയാള്‍ ഓടി.
ദൂരെയെത്തി പൊതി തുറന്നു നോക്കിയപ്പോഴാണ് അമളി മനസ്സിലായത്.ആഴത്തില്‍ കുത്തേറ്റ മദ്ധ്യവയസ്ക്കന്‍ പുഴയില്‍ കിടന്നു തന്നെ മരിക്കുകയും ചെയ്തു.

പതിരു ചേറാതെ ചില പഴങ്കഥകള്‍

ഉള്ളതെന്നോ പൊളിയെന്നോ വേര്‍തിരിച്ചെടുക്കാനാവാത്ത വിധം ഗ്രാമ മനസ്സില്‍ പറഞ്ഞു പരന്നു പതിഞ്ഞ ഒട്ടേറെ കഥകളുണ്ട്. എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തിലിള്ള മിത്തുകളും മനുഷ്യ കഥകളും ഉണ്ട്. ചിലതെല്ലാം സമാനവുമായിരിക്കും.
കൂടല്ലൂര്‍ ഒരു വള്ളുവനാടന്‍ ഗ്രാമമാണ്.ഇവിടത്തെ ചില കഥകള്‍ കണ്ടെടുക്കുകയാണ് ഞാന്‍.
ചക്ക മോഷ്ടിച്ച അടിയാളന്‍

‍കാണാതാവുക ഒരു ആഗോള യാഥാര്‍ത്ഥ്യമാണ്.ഒരാളെ അയാള്‍ ജീവിച്ചിരിക്കുന്ന ചുട്ടുപാടില്‍ നിന്ന് ഒരു ദിവസം കാണാതാവുക;അതിനു പിറകില്‍ ഒട്ടേറെ കാരണങ്ങളുണ്ടാകാം.കാത്തിരിക്കുന്നവരുടെ കണ്വഴിയിലേക്ക് ഒരിക്കലും തിരിച്ചു വരാത്തവര്‍ ഏറെയുണ്ട്.കാണാതായവരെക്കുറിച്ച് നാട് കഥകള്‍ മെനയുന്നു.കാലത്തിനൊപ്പം ഓര്‍മ്മകള്‍ തണുത്താലും ആരുടെയൊക്കെയോ മനസ്സില്‍ തിരോധാനതിന്റെ വേദന കത്തുന്നുണ്ടാകും.
നാട്ടു പ്രമാണിമാര്‍ക്കും അധികാര വര്‍ഗത്തിനും എന്തും ചെയ്യനവകാശമുണ്ടായിരുന്ന ഒരു കാലത്തെ നമുക്കറിയാമല്ലോ!.അക്കാലത്ത് കുമ്പിടിയില്‍ ഒരാളെ കാണാതായി.

വിശപ്പ് അടിയാളന്റെ വിധിയായിരുന്ന കാലമാണ്.ഗത്യന്തരമില്ലാതെ ഒരാള്‍ ഒരു ചക്ക മോഷ്ടിച്ചു. മോഷ്ടിച്ചത് ഒരു പ്രമാണിയുടെ പറമ്പില്‍ നിന്നായിരുന്നു.കള്ളനെ തൊണ്ടിയോടെ പിടികൂടി ആശ്രിതര്‍ പ്രമാണിയുടെ അടുക്കലെത്തിച്ചു.പ്രമാണി ഒരു കുറിപ്പെഴുതി അയാളുടെ കയ്യില്‍ കൊടുത്തു.അതുമായി പോലിസ് സ്റ്റേഷനിലേക്ക് പോകാന്‍ പറഞ്ഞു.
നിസ്സഹായനും അനുസരണ ശീലമുള്ളവനുമായ ആ അടിയാളന്‍ വിശപ്പ് കത്തുന്ന വയറും തലയിലേറ്റിയ ചക്കയുമായി നടന്നു മറയുന്നത് നാട്ടുകാര്‍ കണ്ടു.

അയാള്‍ തിരിച്ചു വരുമ്പോള്‍ ശിക്ഷ എന്തായിരുന്നുവെന്ന് ചോദ്യം കരുതി വെച്ചവരുണ്ട്.അയാളോട് സഹതാപം സൂക്ഷിച്ച ഏറെ മനസ്സുകള്‍ പ്രാര്‍ഥനയുമായി ഇരുന്നു.
പക്ഷെ അയാള്‍ തിരിച്ചു വന്നില്ല. ഉത്തരമില്ലാത്ത ചോദ്യത്തിനപ്പുറം ശൂന്യത.

Tuesday, April 3, 2007

യാഗശാല അഗ്നിയെടുത്തു.


യാഗശാല കത്തിയെരിഞ്ഞു.
നൂറ്റണ്ടുകള്‍ക്ക് ശേഷം പന്നിയൂരില്‍

നടന്ന യാഗം വിജയകരമായി അവസാനിച്ചു. സോമയാഗമായി .ഇനി അതിരാത്രമെന്ന് ആഗ്രഹം.

Tuesday, March 27, 2007

പന്നിയൂര്‍ സോമയാഗം :സോമാഹൂതി നടന്നു



പന്നിയൂര്‍ സോമയാഗം ഇന്ന് സമാപിക്കും.ചടങ്ങുകള്‍ തീരുന്നതോടെ യാഗശാല കത്തിക്കും.

ഇന്നലെ സോമാഹൂതിയായിരുന്നു പ്രധാന ചടങ്ങ്. ഭക്ത ജനങ്ങളുടെ നല്ല തിരക്കുണ്ടായിരുന്നു. വെച്ചു നമസ്കാരമെന്ന (വൈദികര്‍ക്ക് ദക്ഷിണ നല്‍കുന്നതിനു തുല്യം) ചടങ്ങില്‍ ഭക്തരെല്ലാം പങ്കെടുക്കുന്നുണ്ട്.


ലോക നന്മക്കായാണത്രേ യാഗം നടത്തുന്നത്. തവനൂര്‍ മനക്കല്‍ പരമേശ്വരന്‍ അടിതിരിപ്പാടും യജമാനനും പത്നി രമണി പത്തനാടിയജമാനത്തിയുമാണ്.ഒമ്പതാം ക്ലാസുകാ‍രനാണ് അധ്വര്യു.പുതിയ തലമുറയാണ് ചടങ്ങുകളില്‍ ചുമതല വഹിക്കുന്ന വൈദികരാകുന്നത്.


യാഗത്തിന് സമാന്തരമായി സാംസ്കാരിക പരിപാടികള്‍ നടക്കുന്നുണ്ട്. സെമിനാറുകള്‍,സംഗീത കച്ചേരികള്‍, കഥകളി, കൂടിയാട്ടം തുടങ്ങിയവ.നിറഞ്ഞ സദസ്സ്.

യാഗം ജാതി മത വ്യത്യാസമില്ലാതെ നാട് ആസ്വദിക്കുന്നുണ്ട്.വിപ്ലവ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ പോലും ഇതില്‍ പങ്കാളികളാകുന്നുണ്ട്.


പൊതുവെ നാടും നാട്ടുകാരും യാഗത്തെ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ടെന്നു വേണം പറയാന്‍.


Monday, March 26, 2007

പന്നിയൂര്‍ സോമയാഗം






ഇദം നമമ:




കേരളത്തിലെ ആദ്യ ക്ഷേത്രമെന്ന് കേരളോല്‍പ്പത്തി ഐതിഹ്യങ്ങളില്‍ പ്രശസ്തമായ പന്നിയൂര്‍ അമ്പലത്തില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒരു യാഗം നടക്കുകയാണ്.


പത്മശ്രീ യേശുദാസ് കൊടികയറ്റിയ യാഗം 23 ന് തുടങ്ങി. ആനക്കര പഞ്ചായത്ത് പ്രസിഡന്റ് അസീസിന്റെ അദ്ധ്യക്ഷതയില്‍ സുനില്‍ദാസ് ഉദ്ഘാടനം.


സോമയാഗം 28 വരെ നീണ്ടു നില്‍ക്കും.




യാഗത്തെക്കുറിച്ചു മുന്‍ വിധികളില്ലാതെ ഒരു അറിയിപ്പ് മാത്രമാണിത്. മലയാള പത്രങ്ങള്‍ വായിക്കുന്നവര്‍ ഇതിനിടെ യാഗത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകും.




എനിക്കു കിട്ടുന്ന വിവരങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യാം. വേണമെങ്കില്‍ ഒരു സംവാദമാകാം

Sunday, March 11, 2007

ഞാന്‍ വരും